കാന്താര സിനിമയിലെ ദൈവക്കോലത്തെ അനുകരിച്ച് വികലമാക്കിയതിന് പിന്നാലെ ഹൈക്കോടതി നിർദേശ പ്രകാരം മൈസൂരുവിലെ ചാമുണ്ഡേശ്വരീക്ഷേത്രം സന്ദർശിച്ച് നടൻ രൺവീർ സിംഗ്.
ഇന്ന് രാവിലെ ഏഴരയോടെയാണ് നടൻ ചാമുണ്ഡിമലയിലെ ക്ഷേത്രത്തിലെത്തിയത്.
നിരുപാധികം മാപ്പുപറയുകയും ചാമുണ്ഡി ക്ഷേത്രം സന്ദർശിച്ച് മാപ്പുചോദിക്കാൻ തയ്യാറാണെന്ന് അറിയിക്കുകയും ചെയ്തതിനെത്തുടർന്ന് അദ്ദേഹത്തിന്റെ പേരിലുള്ള കേസ് കഴിഞ്ഞമാസം ഹൈക്കോടതി തള്ളിയിരുന്നു.
കഴിഞ്ഞ നവംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. ഗോവയിൽ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ സമാപനച്ചടങ്ങിൽ കാന്താരയിലെ നായകനടൻ ഋഷഭ് ഷെട്ടിയുടെ സാന്നിധ്യത്തിലായിരുന്നു രൺവീർസിംഗ് വിവാദമായ അനുകരണം നടത്തിയത്.
ബംഗളൂരുവിലെ അഭിഭാഷകനായ പ്രശാന്ത് മെത്തൽ നൽകിയ പരാതിയിൽ ബംഗളൂരു പോലീസാണ് താരത്തിന്റെ പേരിൽ കേസെടുത്തത്. മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ചായിരുന്നു കേസ്. ചാമുണ്ഡിദേവിയെ അധിക്ഷേപിച്ചെന്നും പരാതിയിൽ പറഞ്ഞിരുന്നു.
കേസ് തള്ളണമെന്നാവശ്യപ്പെട്ട് രൺവീർസിംഗ് ഹൈക്കോടതിയെ സമീപിക്കുകയും മാപ്പുചേദിക്കാൻ തയ്യാറാണെന്ന് അറിയിക്കുകയുമായിരുന്നു. ക്ഷമാപണം നടത്തിയതിന്റെ സത്യവാംഗ്മൂലം രൺവീർസിംഗിന്റെ അഭിഭാഷകൻ കോടതിയിൽ ഹാജരാക്കിയതിനെത്തുടർന്നാണ് കേസ് തള്ളിയത്. നാലാഴ്ചയ്ക്കുള്ളിൽ ചാമുണ്ഡി ക്ഷേത്രം സന്ദർശിക്കണമെന്ന് നിർദേശിച്ചിരുന്നു.